ബാഴ്സലോണ പ്രസിഡന്റായിരുന്നുവെങ്കിൽ താൻ നെയ്മറെ നാളെത്തന്നെ ടീമിൽ എത്തിക്കുമായിരുന്നുവെന്ന് മുൻ ബാഴ്സലോണ യൂത്ത് ടീം താരമായിരുന്ന കെയ്റ്റ ബാൾഡെ. എൽ ചിരിങ്കുറ്റോ ടിവിക്കു നൽകിയ അഭിമുഖത്തിൽ നെയ്മർ, എംബാപ്പെ എന്നിവരെക്കുറിച്ചു സംസാരിക്കുകയായിരുന്നു സെനഗൽ താരം. നിലവിൽ ഫ്രഞ്ച് ലീഗ് ക്ലബായ മൊണാക്കോയിലാണ് കെയ്റ്റ ബാൾഡെ കളിക്കുന്നത്.

“അവിശ്വസനീയമായ കഴിവുകളുള്ള ഒരു മികച്ച കളിക്കാരനാണ് നെയ്മർ. ബ്രസീലിയൻ താരത്തിന്റെ കളിക്കളത്തിലെ പ്രകടനത്തിൽ നിന്നും ഒരുപാടു കാര്യങ്ങൾ ഞാൻ പഠിച്ചിട്ടുണ്ട്. ഞാനായിരുന്നു ബാഴ്സ പ്രസിഡന്റെങ്കിൽ നാളെ തന്നെ നെയ്മർ ക്ലബിലെത്തുമായിരുന്നു.”

“എംബാപ്പയും അതു പോലെ തന്നെ മികച്ച കായിക ശേഷിയുള്ള താരമാണ്. അപാരമായ വേഗതയും അതിൽ പെട്ടെന്നു വരുത്താൻ കഴിയുന്ന മാറ്റങ്ങളുമാണ് എംബാപ്പയെ മികച്ചതാക്കുന്നത്. ഏതു ടീമിനൊപ്പവും ഇണങ്ങിച്ചേരാൻ കഴിയുന്ന താരങ്ങളാണ് നെയ്മറും എംബാപ്പയും.” താരം പറഞ്ഞു.

ബാഴ്സക്കൊപ്പമുണ്ടായിരുന്ന സമയം വളരെ മികച്ചതായിരുന്നുവെന്നും സെനഗൽ താരം പറഞ്ഞു. “ഒൻപതാം വയസിൽ ഞാൻ ബാഴ്സക്കൊപ്പം കരിയർ ആരംഭിച്ചതാണ്. എന്റെ ഇന്നത്തെ വളർച്ചയിൽ ലാ മാസിയക്കും ബാഴ്സക്കും വലിയ പങ്കുണ്ട്. ഒരു കളിക്കാരനെന്ന നിലയിലും മനുഷ്യനെന്ന നിലയിലും ബാഴ്സലോണയിൽ നിന്നും ഒരുപാടു കാര്യങ്ങൾ ഞാൻ പഠിച്ചു.” കെയ്റ്റ ബാൾഡെ പറഞ്ഞു.

Share:

Leave a Reply

Your email address will not be published. Required fields are marked *