2022 വരെയാണ് പിഎസ്ജിയുമായി ഫ്രഞ്ച് താരം കെലിയൻ എംബാപ്പെക്കു കരാറുള്ളതെങ്കിലും അദ്ദേഹം അടുത്ത സീസണിനു മുൻപ് ക്ലബ് വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. അടുത്തിടെ നടന്ന ഒരു മത്സരത്തിനിടയിൽ തന്നെ പിൻവലിച്ചതിനെ തുടർന്ന് പിഎസ്ജി പരിശീലകൻ ടുഷലുമായി എംബാപ്പെ വാക്കേറ്റത്തിലേർപ്പെട്ടിരുന്നു. ഇതിനു പിന്നാലെ താരത്തെ ചുറ്റിപ്പറ്റിയുള്ള ട്രാൻസ്ഫർ അഭ്യൂഹങ്ങളും ശക്തമായി. അതിനിടയിൽ ഫ്രഞ്ച് താരം എന്തായാലും റയലിനു വേണ്ടി കളിക്കുമെന്ന് എംബാപ്പയുടെ അമ്മ വെളിപ്പെടുത്തിയെന്ന റിപ്പോർട്ടുകളും താരത്തിന്റെ ട്രാൻസ്ഫർ വാർത്തകളെ ഊട്ടിയുറപ്പിച്ചു. എന്തായാലും താരത്തെ അത്ര പെട്ടെന്ന് വിട്ടു നൽകാൻ പിഎസ്ജിക്കു പദ്ധതിയില്ല.

സ്പാനിഷ് മാധ്യമമായ എഎസിന്റെ റിപ്പോർട്ടുകൾ പ്രകാരം ഈ സീസൺ അവസാനിക്കുന്നതിനു മുൻപ് എംബാപ്പയെക്കൊണ്ട് ഒരു വമ്പൻ കരാറിൽ ഒപ്പു വയ്പ്പിക്കാനാണ് പിഎസ്ജി ശ്രമിക്കുന്നത്. താരത്തിന്റെ മേൽ റയൽ മാഡ്രിഡിനുള്ള താൽപര്യത്തെ മറികടന്ന് എംബാപ്പയെ പാരീസിൽ തന്നെ നിലനിർത്താനാണ് ഫ്രഞ്ച് ക്ലബിന്റെ ശ്രമം. റയലിന് വളരെക്കാലമായി താൽപര്യമുള്ള താരമാണ് എംബാപ്പെ. താരത്തിനു വേണ്ടി മുന്നൂറു ദശലക്ഷം യൂറോ വരെ ചെലവഴിക്കാൻ റയൽ തയ്യാറാണെന്നു റിപ്പോർട്ടുകളുണ്ട്‌.

 

 

അതേ സമയം കരാറിൽ വമ്പൻ വാഗ്ദാനങ്ങൾ നൽകി എംബാപ്പയെ നിലനിർത്താനാണ് പിഎസ്ജി ശ്രമിക്കുന്നത്. ലോകഫുട്ബോളിലെ സൂപ്പർ താരമാണെങ്കിലും പിഎസ്ജിയിൽ നെയ്മർ വാങ്ങുന്നതിന്റെ പകുതി പ്രതിഫലം മാത്രമേ എംബാപ്പക്കു ലഭിക്കുന്നുള്ളു. എന്നാൽ പുതിയ കരാർ പ്രകാരം മെസി, റൊണാൾഡോ എന്നിവർക്കൊപ്പം നിൽക്കുന്ന തരത്തിലുള്ള പ്രതിഫലമാണ് എംബാപ്പക്ക് പിഎസ്ജി വാഗ്ദാനം ചെയ്യാൻ പോകുന്നത്. ഈ സീസണു ശേഷം ഇതിൽ തീരുമാനമുണ്ടാക്കുമെന്നും അടുത്ത സീസണു മുൻപു തന്നെ താരം പുതിയ കരാറിൽ ഒപ്പിടുമെന്നുമാണ് സ്പാനിഷ് മാധ്യമം വ്യക്തമാക്കുന്നത്.
ലോകഫുട്ബോളിലെ അടുത്ത സൂപ്പർ താരമെന്ന് എല്ലാവരും വാഴ്ത്തുന്ന താരമാണ് എംബാപ്പെ. ചെറിയ പ്രായത്തിൽ തന്നെ അസാമാന്യ പ്രകടനവും ആത്മവിശ്വാസവും കാഴ്ച വെക്കുന്ന താരം ഫ്രാൻസ് ലോകകപ്പ് നേടുന്നതിൽ നിർണായക സാന്നിധ്യമായിരുന്നു. ഇനി ചാമ്പ്യൻസ് ലീഗ് കിരീടമാണ് എംബാപ്പയുടെ മുന്നിൽ പ്രധാനമായും ബാക്കിയുള്ളത്. ഇത്തവണ അതു സ്വന്തമാക്കിയാൽ താരം ടീമിൽ തുടരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
Share:

Leave a Reply

Your email address will not be published. Required fields are marked *