നായകനായ ലയണൽ മെസിയുടെ കരാർ പുതുക്കുന്ന കാര്യത്തിൽ ഇതുവരെ ഒരു മുന്നോട്ടു പോക്കും ബാഴ്സലോണ നേതൃത്വത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നു റിപ്പോർട്ടുകൾ. സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപ്പോർടിവോയാണ് ഇക്കാര്യം പുറത്തു വിട്ടത്. നേരത്തെ ബാഴ്സ സ്പോർടിംഗ് ഡയറക്ടർ അബിദാൽ പറഞ്ഞ കാര്യങ്ങൾക്ക് വിപരീതമാണ് മുണ്ടോ ഡിപോർടീവോയുടെ റിപ്പോർട്ടുകൾ പറയുന്നത്. ബാഴ്സലോണ പ്രസിഡന്റും നേതൃത്വത്തിലെ മറ്റു ചിലരും കരാർ പുതുക്കുന്ന കാര്യത്തിൽ ചർച്ചകൾ തുടങ്ങിയെന്നും മെസിക്ക് പുതിയൊരു ദീർഘകാല കരാർ നൽകാനാണു ക്ലബിന്റെ പദ്ധതിയെന്നുമാണ് ദിവസങ്ങൾക്കു മുൻപ് അബിദാൽ പറഞ്ഞത്.

മെസിയുടെ കരാർ പുതുക്കുന്ന കാര്യത്തിൽ താരത്തിന്റെ അച്ഛനും ഏജന്റുമായ ജോർജ് മെസിയോടാണ് ബാഴ്സലോണ നേതൃത്വം സംസാരിക്കേണ്ടത്. എന്നാൽ നിലവിൽ അർജന്റീനയിലുള്ള അദ്ദേഹത്തെ യാതൊരു തരത്തിലും ബാഴ്സലോണ നേതൃത്വം ഇതു വരെ ബന്ധപ്പെട്ടിട്ടില്ല. ക്രിസ്മസിനു മുൻപ് ജോർജ് മെസിയുമായി ബർട്ടമൂ ചെറിയൊരു ചർച്ച മാത്രമാണ് ഇക്കാര്യത്തിൽ നടത്തിയത്. അതിനു ശേഷം ഏതാനും വർഷങ്ങൾക്കു കൂടി മെസി ബാഴ്സയുമായി കരാർ പുതുക്കുമെന്ന് ക്ലബ് പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ യാതൊരു പുരോഗമനവുമില്ലാത്തത് ആരാധകർക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്.

 

 

ക്ലബിന്റെ സ്പോർടിംഗ് ഡയറക്ടർ അബിദാൽ മുൻ പരിശീലകൻ വാൽവെർദെയെ പുറത്താക്കിയതിനെക്കുറിച്ചു സംസാരിക്കുമ്പോൾ ബാഴ്സലോണ ടീമംഗങ്ങളെ വിമർശിച്ചതിനെതിരെ പരസ്യമായി മെസി രംഗത്തു വന്നിരുന്നു. ഇതിനു ശേഷം അർജന്റീന താരം ബാഴ്സ വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമായതിനു പിന്നാലെയാണ് താരത്തിന്റെ കരാർ പുതുക്കാൻ യാതൊരു ശ്രമവും ബാഴ്സ നേതൃത്വത്തിന്റെ ഭാഗത്തു നിന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്ന വാർത്തയും പുറത്തു വരുന്നത്. മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ്, യുവന്റസ്, ഇന്റർ മിലാൻ, പിഎസ്ജി, ബയേൺ എന്നീ ടീമുകൾ താരത്തിനായി ശ്രമം നടത്തുന്നുണ്ടെന്നു വാർത്തകളുണ്ട്.
ഒറ്റയടിക്ക് അനേകം വർഷത്തേക്കു കരാർ പുതുക്കുന്നത് മെസി അവസാനിപ്പിച്ചതിനാൽ അടുത്ത സീസൺ കൂടി മാത്രമേ മെസിക്ക് ബാഴ്സയുമായി കരാറുള്ളു. ഈ സീസണു ശേഷം താരത്തിന്റെ റിലീസിങ്ങ് ക്ലോസ് ഇല്ലാതാകുമെന്നും സൂചനകളുണ്ട്. അങ്ങിനെയാണെങ്കിൽ അടുത്ത ട്രാൻസ്ഫർ ജാലകത്തിൽ താരത്തിനായി പല ക്ലബുകളും ശ്രമം നടത്തിയേക്കാം. ബോർഡ് ഇലക്ഷൻ അടുത്ത സമയത്ത് മെസിയുടെ കരാർ പുതുക്കുന്നതിൽ ബാഴ്സ നേതൃത്വം പരാജയപ്പെട്ടാൽ അതു ഇലക്ഷനിൽ അവരുടെ മുന്നേറ്റത്തെ ബാധിക്കുമെന്നുറപ്പാണ്.
Share:

Leave a Reply

Your email address will not be published. Required fields are marked *