കൊറോണ വൈറസിനെതിരെ ഫുട്ബോൾ ലോകത്ത് കൈക്കൊണ്ട പ്രവർത്തനങ്ങളിൽ മെസി ലോകത്തിനു തന്നെ മാതൃകയെന്ന് പ്രമുഖ സ്പോർട്സ് മനശാസ്തജ്ഞനായ ടോം ബേറ്റ്സ്. ബാഴ്സലോണ താരങ്ങൾ ശമ്പളത്തിന്റെ മുക്കാൽ ഭാഗവും ത്യജിക്കുമെന്നും ക്ലബിലെ സ്റ്റാഫുകളുടെ ശമ്പളം നൽകാനായില്ലെങ്കിൽ കൂടുതൽ സഹായം നൽകുമെന്നും മെസി ആഴ്ചകൾക്കു മുൻപ് വ്യക്തമാക്കിയിരുന്നു. ഇക്കാരണങ്ങൾ കൊണ്ട് മെസി ഒരു ‘ഗ്ലോബൽ സൂപ്പർസ്റ്റാർ’ ആയെന്നും ടോം ബേറ്റ്സ് വ്യക്തമാക്കി.

ബാഴ്സലോണ താരങ്ങൾ ശമ്പളം ത്യജിക്കുന്നതുമായി ബന്ധപ്പെട്ട് വിവാദങ്ങളും ഉണ്ടായിരുന്നു. ആദ്യം താരങ്ങൾക്ക് ഇതിൽ താൽപര്യമില്ലെന്ന രീതിയിലാണ് വാർത്തകൾ പുറത്തു വന്നത്. എന്നാൽ ഇക്കാര്യത്തിൽ ബാഴ്സലോണ നേതൃത്വത്തെ വിമർശിച്ച മെസി ആവശ്യപ്പെടാതെ തന്നെ കളിക്കാർ ശമ്പളം ത്യജിക്കാൻ തയ്യാറായിരുന്നുവെന്നു വെളിപ്പെടുത്തി. മെസിയുടെ പ്രതികരണം യൂറോപ്യൻ മാധ്യമങ്ങൾ ആഘോഷിക്കുകയും ചെയ്തിരുന്നു.

മെസിയുടെയും ബാഴ്സലോണ താരങ്ങളുടെയും ശമ്പളം എത്രത്തോളം വലുതാണെന്നതു പരിഗണിക്കുമ്പോൾ താരം എടുത്ത നിലപാട് ആഗോള തലത്തിൽ മാതൃകയാണെന്നാണ് ടോം ബേറ്റ്സ് പറഞ്ഞത്. മെസിക്കു പുറമേ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ റൂണിയുടെ പ്രവർത്തനങ്ങളെയും അദ്ദേഹം പ്രശംസിച്ചു. പ്രീമിയർ ലീഗ് താരങ്ങൾ എല്ലാവരും പ്രതിരോധ പ്രവർത്തനങ്ങൾക്ക് സംഭാവന നൽകണമെന്ന് റൂണി ആവശ്യപ്പെട്ടിരുന്നു.

Share:

Leave a Reply

Your email address will not be published. Required fields are marked *