ലോകത്തിലെ ഏറ്റവും മികച്ച താരമെന്ന വിശേഷണത്തിനും അപ്പുറത്താണു മെസിയെന്ന് അർജന്റീനയുടെ ഇതിഹാസ താരമായ ഹെർനൻ ക്രസ്പോ. കളിക്കളത്തിൽ മെസി കാഴ്ച വെക്കുന്ന അസാമാന്യ പ്രകടനം എല്ലാവരും കാണുന്നുണ്ടെങ്കിലും മെസി മികച്ച കഴിവുകളുള്ള ഒരു ഫുട്ബോളർ എന്നതിലും എത്രയോ മുകളിലാണെന്നാണ് ക്രസ്പോയുടെ അഭിപ്രായം. അർജന്റീനിയൻ മാധ്യമമായ ഒലെ സ്പോർട്സിനോടു സംസാരിക്കുകയായിരുന്നു ക്രസ്പോ.

“ഒരു കളിക്കാരനോ കായിക താരത്തിനോ പ്രതിനിധീകരിക്കാൻ കഴിയുന്നതിന്റെയും അപ്പുറത്തേക്ക് മെസി എത്തിയിരിക്കുന്നു. പ്രൊഫഷണലിസത്തിന്റെയും ആത്മാർത്ഥതയുടെയും പ്രതീകമായ മെസിക്ക് കാര്യ ഗൗരവവുമുണ്ട്. ഒരു മികച്ച ഫുട്ബോൾ താരമെന്നതിന്റെയും അപ്പുറത്താണ് മെസി നിൽക്കുന്നത്.” ക്രസ്പോ പറഞ്ഞു.

ഇതിഹാസമാണെന്നു തെളിയിക്കാൻ മെസി അർജൻറീനക്കൊപ്പം കിരീടങ്ങൾ നേടണമെന്നില്ലെന്നും ക്രസ്പോ പറഞ്ഞു. “മെസിയുടെ ലോകം വളരെ വലുതാണ്. ഒരു കിരീടം കൊണ്ട് അളക്കാൻ കഴിയുന്നതല്ല അത്. ഫുട്ബോൾ മെസിക്ക് കിരീടം സമ്മാനിക്കാൻ കടപ്പെട്ടിരിക്കുന്നു.” ക്രസ്പോ വെളിപ്പെടുത്തി.

അതേ സമയം ഭാവിയിൽ മെസി അർജന്റീനക്കൊപ്പം കിരിടം സ്വന്തമാക്കുമെന്ന പ്രതീക്ഷയും ക്രസ്പോ പ്രകടിപ്പിച്ചു. അർജൻറീനിയൻ ടീമിൽ അദ്ദേഹം കളിക്കുന്നതു കാണുന്നത് സന്തോഷമാണെന്നും അർജൻറീനക്കൊപ്പം മെസി ലോകകിരീടം നേടണമെന്ന ആഗ്രഹം തനിക്കുണ്ടെന്നും ക്രസ്പോ പറഞ്ഞു.

Share:

Leave a Reply

Your email address will not be published. Required fields are marked *