ഒരു നാണം കുണുങ്ങി പയ്യനിൽ നിന്നും ലോകത്തിലെ ഏറ്റവും മികച്ച താരത്തിലേക്കുള്ള മെസിയുടെ വളർച്ച ആരും പ്രതീക്ഷിച്ചതല്ലെന്ന് മുൻ ബാഴ്സലോണ താരം ക്രിസ്റ്റ്യൻ ഹിഡാൽഗോ. പതിമൂന്നാം വയസിൽ ബാഴ്സലോണയിൽ കളിച്ചു തുടങ്ങിയ മെസി ഇന്നു ലോകത്തിലെ ഏറ്റവും മികച്ച താരമാണ്. ബാഴ്സയിൽ മെസിയുടെ ആദ്യ കാലഘട്ടത്തിൽ ക്ലബിലുണ്ടായിരുന്ന ഹിഡാൽഗോ ഗോളിനു നൽകിയ അഭിമുഖത്തിലാണ് മെസിയെക്കുറിച്ചു സംസാരിച്ചത്.

”അവിശ്വസനീയമായ കഴിവുകളാണു മെസിക്കുണ്ടായിരുന്നത്. താരം മികച്ചൊരു ഫുട്ബോളറാകുമെന്ന് അന്നു ബാഴ്സയിൽ എല്ലാവരും കരുതിയിരുന്നു. എന്നാൽ ചരിത്രത്തിലെ മികച്ച താരമെന്ന നിലയിലേക്ക് മെസി എത്തുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. മെസിയുടെ നേട്ടങ്ങൾ സമാനതകളില്ലാത്തതാണ്.

”വളരെ നാണം കുണുങ്ങിയും അന്തർമുഖനുമായിരുന്നു മെസി. ആവശ്യമുള്ളപ്പോൾ മാത്രം സംസാരിക്കുന്ന പ്രകൃതം. എന്നാൽ കൂടുതൽ മത്സരങ്ങൾ കളിക്കാനും ഗോളുകൾ നേടാനും ആരംഭിച്ചതിനു ശേഷം മെസിയിൽ മാറ്റങ്ങൾ ഉണ്ടായി.” ഹിഡാൾഗോ പറഞ്ഞു.

ബാഴ്സലോണക്കു വേണ്ടി ഒരു മത്സരം മാത്രം കളിച്ച് ടീം വിട്ട ഹിഡാൾഗോ ബ്രസീലിയൻ താരം റൊണാൾഡീന്യോയെയും പ്രശംസിച്ചു. “എല്ലാം പോസിറ്റീവായി കാണുന്ന റൊണാൾഡീന്യോ ഇല്ലായിരുന്നെങ്കിൽ ആ സമയത്ത് ബാഴ്സക്കു വിജയം കൊയ്യാനാകില്ലായിരുന്നു. എല്ലാവരെയും സന്തോഷിപ്പിക്കാൻ കഴിയുന്ന റൊണാൾഡീന്യോ ഞാൻ കണ്ട ഏറ്റവും മികച്ച ഡ്രിബ്ലറുമാണ്.”

Share:

Leave a Reply

Your email address will not be published. Required fields are marked *