യുവതാരങ്ങൾക്ക് അവസരം നൽകാനും അവരെ വളർത്തിയെടുക്കാനുമുള്ള ക്ഷമ ബാഴ്സലോണക്കില്ലെന്ന് യുവതാരം കാർലസ് പെരസ്. ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ബാഴ്സലോണയിൽ നിന്നും പെരസ് റോമയിലേക്കു ചേക്കേറിയിരുന്നു. തന്നെ ബാഴ്സലോണ ഒഴിവാക്കിയത് എന്തിനാണെന്നു മനസിലായെന്നു പോലുമില്ലെന്നാണ് പെരസ് പറയുന്നത്. സ്പാനിഷ് മാധ്യമമായ മാർക്കയോടു സംസാരിക്കുകയായിരുന്നു പെരസ്.

“റോമയിൽ മികച്ച പ്രകടനം നടത്തുന്നതിനെ കുറിച്ചു മാത്രമാണ് ഞാനിപ്പോൾ ചിന്തിക്കുന്നത്. നാലു വർഷത്തോളം എന്റെ കരാറിൽ ഇനിയും ബാക്കിയുണ്ട്. എന്നെ ഒഴിവാക്കിയത് എന്തിനെന്ന് എനിക്കു മനസിലായില്ല. എങ്കിലും ക്ലബിന്റെ തീരുമാനത്തെ ഞാൻ മാനിക്കുന്നതിനോടൊപ്പം ബാഴ്സ എനിക്കു നൽകിയ പരിഗണനക്ക് ഞാൻ നന്ദി പറയുന്നു.”

“എല്ലാവരും വളരെയധികം ശ്രദ്ധിക്കുന്ന അക്കാദമിയാണ് ബാഴ്സലോണയുടേത്. എന്നാൽ യുവതാരങ്ങൾക്കു പരിഗണന നൽകാതെ മില്യണുകൾ ചിലവഴിക്കാനാണ് പലർക്കും താൽപര്യം. ബാഴ്സലോണയിലെ എന്റെ ഭൂതകാലം എങ്ങിനെയായിരുന്നു എന്നത് പലരും മറന്നു, അതങ്ങിനെയാണ്.” പെരസ് പറഞ്ഞു.

പെരസ്, ടോഡിബോ, ആബേൽ റൂയിസ് എന്നിങ്ങനെ മൂന്നു യുവതാരങ്ങളെ ബാഴ്സലോണ ജനുവരിയിൽ ഒഴിവാക്കിയിരുന്നു. ഈ തീരുമാനം ബാഴ്സക്കു തിരിച്ചടിയാവുകയും ചെയ്തു. ഡെംബലെ, സുവാരസ് എന്നിവർക്കു പരിക്കു പറ്റിയതിനെ തുടർന്ന് മുന്നേറ്റനിര ദുർബലമായ ബാഴ്സ പിന്നീട് ലാലിഗയിലെ പ്രത്യേക നിയമപ്രകാരം ബ്രൈത്ത്വൈറ്റിനെ സ്വന്തമാക്കുകയായിരുന്നു.

Share:

Leave a Reply

Your email address will not be published. Required fields are marked *