2011 ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ബാഴ്സക്കെതിരായ തോൽവി തന്നെ നാണം കെടുത്തുന്ന തരത്തിലായിരുന്നുവെന്ന് പ്രതിരോധതാരം റിയോ ഫെർഡിനാൻഡ്. അന്നു മെസിയുടെ തകർപ്പൻ പ്രകടനത്തിന്റെ പിൻബലത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ബാഴ്സലോണയുടെ വിജയം. ബാഴ്സയുടെ ഗോളുകൾ പെഡ്രോ, വിയ്യ, മെസി എന്നിവർ നേടിയപ്പോൾ യുണൈറ്റഡിന്റെ ആശ്വാസ ഗോൾ റൂണിയുടെ വകയായിരുന്നു. കോപ90നോടു സംസാരിക്കുമ്പോഴാണ് അന്നത്തെ മെസിയുടെ പ്രകടനത്തെക്കുറിച്ച് ഫെർഡിനാൻഡ് സംസാരിച്ചത്.

”റൊണാൾഡീന്യോ സ്വതന്ത്ര്യമായി ഒഴുകുന്ന അസാധാരണ കഴിവുള്ള താരമാണ്. പക്ഷേ, മെസിയിൽ അതുമുണ്ട്, അതുപോലെ ഒരു ഗോളോ അസിസ്റ്റോ നേടി വിജയമുറപ്പിക്കാനും അദ്ദേഹത്തിനു കഴിയും. ഒരു കില്ലറാണ് മെസി.”

“വെംബ്ലിയിൽ ബാഴ്സ ഞങ്ങളെ ഒരു പാഠം പഠിപ്പിച്ചുവെന്നു തന്നെ പറയണം. ബാഴ്സ കിരീടമുയർത്തുന്നത് ഞങ്ങൾ കാണുകയായിരുന്നു. നാണം കെട്ടതു പോലെ തോന്നുന്നുവെന്ന് ഞാനും ഗിഗ്സും സ്കോൾസുമെല്ലാം അതിനിടയിൽ വായ പൊത്തി പറയുകയും ചെയ്തു. മെസി അത്രയും അനായാസമായാണ് അന്നു കളിച്ചിരുന്നത്.” ഫെർഡിനാൻഡ് പറഞ്ഞു.

ബാഴ്സ ഏറ്റവും ഫോമിലുണ്ടായിരുന്ന കാലഘട്ടങ്ങളിൽ ഒന്നായിരുന്നു അത്. മിഡ്ഫീൽഡിൽ മെസി, ഇനിയേസ്റ്റ, ബുസ്ക്വസ്റ്റ്സ് ത്രയം തകർപ്പൻ പ്രകടനമാണ് അന്നു കാഴ്ച വെച്ചിരുന്നത്. യുണൈറ്റഡിനൊപ്പം രണ്ടു തവണ ചാമ്പ്യൻസ് ലീഗ് നേടിയ അലക്സ് ഫെർഗൂസനടക്കം അന്നത്തെ ബാഴ്സലോണയെ പ്രശംസിച്ചിട്ടുണ്ട്.

Share:

Leave a Reply

Your email address will not be published. Required fields are marked *