ബാഴ്സലോണയിൽ നിന്നും ലോണിൽ റയൽ ബെറ്റിസിൽ കളിക്കുന്ന ബ്രസീലിയൻ താരം എമേഴ്സൺ അടുത്ത സീസണിൽ കറ്റലൻ ക്ലബിലേക്കു തിരിച്ചെത്താനുള്ള സാധ്യതകൾ വർദ്ധിക്കുന്നു. ബാഴ്സക്കു വേണ്ടി കളിക്കാൻ താൻ തയ്യാറെടുത്തുവെന്ന് എമേഴ്സൺ കഴിഞ്ഞ ദിവസം വെളിപ്പെടുത്തി. 2019ൽ അറ്റ്ലറ്റികോ മിനേറോയിൽ നിന്നും ബാഴ്സയിലെത്തി ലോണിൽ റയൽ ബെറ്റിസിലേക്കു ചേക്കേറിയ എമേഴ്സൺ തകർപ്പൻ പ്രകടനമാണ് സ്പാനിഷ് ടീമിനു വേണ്ടി കാഴ്ച വെക്കുന്നത്.

ബാഴ്സലോണയിലേക്കു ചേക്കേറുന്നതിനെ കുറിച്ച് ഇപ്പോൾ താൻ ചിന്തിക്കുന്നില്ലെങ്കിലും കറ്റലൻ ക്ലബിനു വേണ്ടി കളിക്കാൻ താൻ ഒരുങ്ങിയെന്നാണ് എമേഴ്സൺ പറയുന്നത്. “ഈ നിലവാരത്തിലെത്താൻ കഴിയുമെന്നു ഞാൻ കരുതിയില്ല. ഈ സീസൺ എന്റെ കരിയറിലെ ഏറ്റവും മികച്ചതാണ്. ചെറുപ്പമാണെങ്കിലും ഏതു ടീമിനു വേണമെങ്കിലും കളിക്കാൻ ഞാൻ തയ്യാറാണ്. തീർച്ചയായും ബാഴ്സലോണക്കു വേണ്ടിയും എനിക്കു കളിക്കാൻ കഴിയും. ബ്രസീൽ ടീമിനെക്കുറിച്ചു ചോദിച്ചാലും എന്റെ മറുപടി ഇതു തന്നെയായിരിക്കും.”

”ഡാനി ആൽവസ്, കഫു, കാർലോസ്, മാഴ്സലോ എന്നിവരാണ് എന്റെ ആരാധനാ പാത്രങ്ങൾ. ബാഴ്സക്കു വേണ്ടി കളിക്കുകയെന്നത് ചെറുപ്പം മുതൽ എന്റെ ആഗ്രഹമാണ്. റൊണാൾഡീന്യോ, ഡാനി ആൽവസ്, മെസി, അബിദാൽ എന്നിവരാണ് എന്നെ ബാഴ്സ ആരാധനാക്കിയത്.” എമേഴ്സൺ പറഞ്ഞു.

നിലവിൽ ബാഴ്സ പരിശീലകനായ ക്വിക്കെ സെറ്റിയൻ ബെറ്റിസ് കോച്ചായിരിക്കുമ്പോഴാണ് എമേഴ്സൺ ടീമിലെത്തുന്നത്. സെറ്റിയനും നിലവിൽ ബെറ്റിസ് പരിശീലകനായ റൂബിയും തന്റെ കളി മെച്ചപ്പെടുന്നതിൽ നിർണായക പങ്കു വഹിച്ചുവെന്ന് എമേഴ്സൺ പറഞ്ഞു. എമേഴ്സൺ ബാഴ്സയിലേക്ക് തിരിച്ചെത്തുകയാണെങ്കിൽ നിലവിലെ റൈറ്റ് ബാക്കായ സെമഡോയെ ബാഴ്സ ഒഴിവാക്കാനിടയുണ്ട്.

Share:

Leave a Reply

Your email address will not be published. Required fields are marked *